മേപ്പാടി: ടൗണിൽ നടപ്പാക്കുന്ന ഗതാഗത പരിഷ്കരണത്തിന് മുന്നോടിയായി ആറ് ദിവസം നീളുന്ന ഓട്ടോ പെർമിറ്റ് പുതുക്കൽ അദാലത്ത് ആരംഭിച്ചു. ഓട്ടോറിക്ഷകളുടെ രേഖകൾ പരിശോധിച്ച് പെർമിറ്റ് പുതുക്കുന്നതിനാണ് അദാലത്ത്. ദിവസം 50 ഓട്ടോകളുടെ പരിശോധനയാണ് നടത്തുക. മോട്ടോർ വാഹന വകുപ്പ്, പൊലിസ്, പഞ്ചായത്ത് ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ എന്നിവരാണ് ഇതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. 293 ഓട്ടോകൾക്കാണ് പഞ്ചായത്ത് പെർമിറ്റുള്ളത്.
കഴിഞ്ഞ 13ന് ചേർന്ന ട്രാഫിക് ഉപദേശക സമിതി ടൗണിൽ ഗതാഗത പരിഷ്കരണം തീരുമാനിച്ചിട്ടുണ്ട്. പാർക്കിംഗ് സൗകര്യക്കുറവുമൂലം ടൗണിൽ ഗതാഗതക്കുരുക്കും മറ്റു പ്രശ്നങ്ങളുമുണ്ട്. ഓട്ടോ, ടാക്സി, ഗുഡ്സ്, വാഹനങ്ങൾക്കാണ് ടൗണിൽ പാർക്കിംഗ് ഏരിയ നിശ്ചയിച്ചിട്ടുള്ളത്. സ്വകാര്യ വാഹനങ്ങൾ ടൗണിൽ അലക്ഷ്യമായാണ് പാർക്ക് ചെയ്യുന്നത്. ഇത് പലപ്പോഴും ഗതാഗത തടസത്തിന് കാരണമാകുകയാണ്. അദാലത്ത് കഴിഞ്ഞാലുടൻ ട്രാഫിക് ഉപദേശക സമിതി യോഗം വിളിച്ച് മറ്റ് പ്രശ്നങ്ങളും ചർച്ച ചെയ്ത് പരിഹാരത്തിന് ശ്രമിക്കുമെന്ന് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോണ് മാതാ പറഞ്ഞു.